01:34pm 13 July 2026
NEWS
ബംഗളുരുവിൽ ഫുട്ട്പാത്ത് ഒഴിപ്പിക്കൽ പ്രക്രിയയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ.
13/07/2026  11:26 AM IST
വിഷ്ണുമംഗലം കുമാർ
ബംഗളുരുവിൽ ഫുട്ട്പാത്ത് ഒഴിപ്പിക്കൽ പ്രക്രിയയ്ക്ക് മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ

ബംഗളുരു: നിശ്ചയദാർഢ്യമുള്ള നഗരവികസന മന്ത്രി കൃഷ്ണ ബൈരെഗൗഡ ഫുട്ട്പാത്ത് കയ്യേറ്റം ഒഴിപ്പിക്കുന്ന ദൗത്യവുമായി മുന്നേറുകയാണ്  മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പൂർണ്ണപിന്തുണ അദ്ദേഹത്തിനുണ്ട്. ഒഴിപ്പിക്കൽ നടപടി നേരിട്ട് വിലയിരുത്താൻ ചില സുപ്രധാന സ്ഥലങ്ങൾ കൃഷ്ണ ബൈരെഗൗഡയോടൊപ്പം മുഖ്യമന്ത്രിയും സന്ദർശിച്ചിരുന്നു.  ഫുട്ട്പാത്തുകൾ കയ്യേറി കച്ചവടം ചെയ്യുന്ന വ്യാപാരികളെ ഒഴിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഒരു മാഫിയ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പ്രാദേശിക റൗഡികളാണ് പിരിവ് വാങ്ങി വഴിയോര കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നത്. ഫുട്ട്പാത്ത് കയ്യേറ്റം റോഡപകടങ്ങൾ വർധിക്കാനിടയാക്കുന്നുണ്ട്. ഫുട്ട്പാത്തിലൂടെ നടക്കാൻ കഴിയാതെ വരുമ്പോൾ കൽനടക്കാർ റോഡിലേക്ക് ഇറങ്ങുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 900 മനുഷ്യ ജീവനുകളാണ് നഗരത്തിലെ റോഡപകടങ്ങളിൽ പൊലിഞ്ഞത്. അതിൽ നല്ലൊരു പങ്ക് ഫുട്ട്പാത്ത് കയ്യേറ്റത്തിന്റെ ഫലമായുണ്ടായതാണ്. വഴിയോര കച്ചവടക്കാർക്ക് മറ്റുസ്ഥലങ്ങളിലും തിരക്കൊഴിഞ്ഞ ഇടറോഡുകളിലും സൗകര്യം ചെയ്തുകൊടുക്കും"' മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുവരെയായി 435 കിലോമീറ്റർ ഫുട്ട്പാത്തിൽ നിന്നായി ആയിരത്തിമുന്നൂറിലേറെ ഉന്തു വണ്ടികളും കൈവണ്ടികളും മാറ്റി. 2367 മേൽക്കൂര കയ്യേറ്റങ്ങളും പടികളും കോവണികളും പൊളിച്ചുകളഞ്ഞു. 2427 താൽക്കാലിക ഷെഡ്ഡുകളും ഫുട്ട്പാത്തുകളിൽ നിന്ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇതുവരെയായി 9878 കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. അതുപോലെ റോഡരികിലും ഫുട്ട്പാത്തുകളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ മാറ്റുന്ന പ്രക്രിയയും ആരംഭിച്ചിട്ടുണ്ട്. മാസങ്ങളായി റോഡുവക്കത്ത് അനാഥമായി കിടക്കുന്ന നിരവധി വാഹനങ്ങളുണ്ട്. അതിന്റെ ഉടമസ്ഥരെ കണ്ടെത്തി ആദ്യത്തെ ഒരാഴ്ചയ്ക്ക് ചെറിയ പിഴ ചുമത്തി എടുത്തുകൊണ്ടുപോകാൻ അനുവദിക്കും. പതിനഞ്ചു ദിവസത്തിനുള്ളിൽ വാഹനങ്ങൾ മാറ്റുന്നില്ലെങ്കിൽ ലേലം ചെയ്യാനാണ് ഗവണ്മെന്റ് തീരുമാനം. ഇതിനകം ഗ്രേറ്റർ ബംഗളുരു അതോറിറ്റി ജീവനക്കാർ ആയിരത്തി എഴുനൂറിലേറെ വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണ ബൈരെഗൗഡയും മുഖ്യമന്ത്രിയും ഫുട്ട്പാത്തുകൾ മാത്രമല്ല നഗരം തന്നെയും ശുദ്ധീകരിക്കുന്ന പ്രക്രിയ ഊർജ്ജിതമായി തുടരുകയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img